​ജാതിത്തുലാസില്‍ നീതി തൂക്കിലേറ്റപ്പെടുമ്പോള്‍

​"ഉയര്‍ന്ന ജാതിക്കാരായവര്‍ക്ക് ​പിന്നാക്കസമുദായത്തില്‍പ്പെട്ട ഒരു സ്ത്രീയെ ബലാല്‍സംഗം ​​ചെയ്യുന്നതു പോയിട്ട് ​സ്പര്‍ശിക്കാന്‍ പോലും തോന്നില്ല. ഈ പരാതി തന്നെ ഭാരതത്തിന്റെ സംസ്ക്കാരത്തിനും മനുഷ്യമന:സാക്ഷിക്കും എതിരാണ്". ​1995-ല്‍ രാജസ്ഥാനിലെ ശൈശവവിവാഹ വിരുദ്ധ പ്രവര്‍ത്തകയും വുമണ്‍ ​​ഡവലപ്മെന്റ് പ്രോഗ്രാം പ്രവര്‍ത്തകയുമായിരുന്ന ബന്‍വാരി ദേവിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസിലെ പ്രതികളെ വെറുതെ വിട്ടു കൊണ്ട് ​സെഷന്‍സ് കോടതി ജഡ്ജി പുറപ്പെടുവിച്ച വിധിയാണിത്. ഇത്തരത്തില്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലുമായി അരങ്ങേറിയ ദളിത്‌ പീഡനങ്ങളിലും കൂട്ടക്കൊലകളിലും തെളിവിന്റെ അഭാവം ചൂണ്ടിക്കാട്ടി കോടതികള്‍ നിയമത്തെയും ഭരണഘടന ഉറപ്പുവരുത്തുന്ന പൗരാവകാശങ്ങളെയും​ നോക്കുകുത്തിയാക്കി മാറ്റികൊണ്ട് ജാതീയ അതിക്രമങ്ങള്‍ അഴിച്ചു വിട്ടവര്‍ക്ക് കുട പിടിക്കുന്നത് നീതിക്കായി പോരാടുന്നവര്‍ക്ക് അപരിചിതമായ കാഴ്ചയല്ല. ​സമൂഹ​മനസാക്ഷിയെ ഞെട്ടിച്ച കുപ്രസ്സിദ്ധമായ ലക്ഷ്മണ്‍പൂര്‍ ബാത്തെ കൂട്ടക്കൊലയുടെ വിധിയിലൂടെ ഇന്ത്യന്‍ ജുഡീഷ്യറിയുടെ അത്തരത്തിലുള്ള ജാതി-വര്‍ഗ നിലപാടുകള്‍ ഒരിക്കല്‍ കൂടി മറ നീക്കി പുറത്തുവന്നിരിക്കുകയാണ്.

പക്ഷപാതിത്വപരവും വൈരുധ്യങ്ങള്‍ നിറഞ്ഞതുമായ വിധി പ്രസ്താവനകളിലൂടെ ശ്രദ്ധാകേന്ദ്രമായ പട്ന ഹൈക്കോടതി തങ്ങള്‍ മധ്യകാലസാമൂഹ്യവ്യവസ്ഥ നിലനിര്‍ത്തുന്നതില്‍​ എത്രത്തോളം പ്രതിജ്ഞബദ്ധരാണെന്നാണ് ഇത്തരം ഒരു വിധിയിലുടെ ഉറക്കെ പ്രസ്താവിക്കുന്നത്. ​​18 മാസങ്ങള്‍ക്കുള്ളില്‍ വിവിധ​ കേസുകളിലായി വിധി പറഞ്ഞ ​പട്ന ഹൈക്കോടതി ഇത് തുടര്‍ച്ചയായി നാലാം തവണയാണ് വ്യത്യസ്ത ദളിത്‌ കൂട്ടക്കൊലകളിലെ പ്രതികളായ ഫ്യൂഡല്‍ ഗുണ്ടാപ്പടയായ രണ്‍വീര്‍ സേനാംഗങ്ങളെ ​കുറ്റവിമുക്തരാക്കുന്നത്. സവര്‍ണ-ഫ്യൂഡല്‍ ക്യാമ്പും പോലീസും ജുഡീഷ്യറിയും ഭരണകൂടവും തമ്മില്‍ കാലാകാലങ്ങളായി നിലനിന്നുപോരുന്ന അവിശുദ്ധ കൂട്ടുകെട്ടുകള്‍, ദളിതര്‍ ആത്മാഭിമാനത്തോടെ ജീവിക്കാന്‍ യോഗ്യതയുള്ളവരല്ല ​എന്ന ജാതിവാദത്തിന്റെ ആശയഅടിത്തറ ബലപ്പെടുത്താന്‍ പര്യാപ്തമാണ് എന്ന് അടിവരയിട്ടുറപ്പിക്കുകയാണ് ഈ കോടതി വിധിയും അതിന് നിദാനമായ കൂട്ടക്കൊലയും.

1997-ല്‍ ബീഹാറിലെ ആര്‍വാള്‍ ജില്ലയിലെ ലക്ഷ്മണ്‍പൂര്‍ ബാതെയില്‍ കുട്ടികളും ഗര്‍ഭിണികളായ സ്ത്രീകളുമടക്കം 58 ദളിതരെയാണ് ഭൂമിഹാര്‍ ബ്രാഹ്മണരുടെ സവര്‍ണ ഗുണ്ടാ സംഘമായ രണ്‍വീര്‍സേന കൂട്ടക്കൊല ചെയതത്. അങ്ങേയറ്റത്തെ പിന്നാക്കവിഭാഗക്കാരും ഭൂരഹിതരുമായ ഇവര്‍ക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നാരോപിച്ചു നടത്തിയ ഈ ആസൂത്രിത കൂട്ടക്കൊല സമീപകാലത്ത് ഇന്ത്യയില്‍ നടന്ന ഏറ്റവും രക്തരൂഷിതമായ ജാതീയ അടിച്ചമര്‍ത്തലായിരുന്നു. ​​ മുന്‍ രാഷ്ട്രപതി കെ. ആര്‍. നാരായണന്‍ "ദേശീയ നാണക്കേട്‌ " എന്നു വിശേഷിപ്പിച്ച ഈ സംഭവം ആധുനിക സമൂഹത്തിനേറ്റ അപമാനമാണെന്നായിരുന്നു പട്ന സിവില്‍ കോടതി ജഡ്ജി വിജയ്‌ പ്രകാശ് മിശ്ര പ്രസ്താവിച്ചത്. എന്നാല്‍ 2010-ല്‍ പ്രതികളില്‍ 16 പേ​ര്‍ക്ക് വധശിക്ഷയും 10 പേര്‍ക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ച പട്ന സിവില്‍ കോടതി വിധിയെ കാറ്റില്‍ പറത്തിക്കൊണ്ട് സംഭവം നടന്ന് 16 വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന ഹൈക്കോടതി വിധി കൃത്യമായ തെളിവുകളില്ല എന്ന കാരണത്താല്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിടുകയായിരുന്നു. വ്യക്തമായ തെളിവുകളോടെ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യാതിരുന്ന പോലീസും സവര്‍ണ പക്ഷപാതികളായ സംസ്ഥാന സര്‍ക്കാരും, കോടതിയ്ക്ക് ഒപ്പം തന്നെ ഇതില്‍ തുല്യ പങ്കാളികളാണെന്നു ലക്ഷ്മണ്‍പൂര്‍ ബാതെയിലെ അവശേഷിക്കുന്ന ദളിതര്‍ ആരോപിക്കുന്നു.

ലക്ഷ്മണ്‍പൂര്‍ ബാതെ ഒരൊറ്റപ്പെട്ട സംഭവമല്ല. കൂലി കൂട്ടണമെന്ന ആവശ്യമുന്നയിച്ചു കൊണ്ട് സമരം ചെയ്ത ബതാനി തോലയിലെ 21 ദളിതരെയാണ് 1996 ജൂലൈ 11ന് രണ്‍വീര്‍ സേന ക്രൂരമായി കൊലപ്പെടുത്തിയത്. രാത്രിയില്‍ അതിക്രമിച്ചു കയറിയ അറുപതോളം രണ്‍വീര്‍സേനക്കാര്‍ കുടിലുകള്‍ തീയിട്ടു നശിപ്പിച്ചും വാളു കൊണ്ട് വെട്ടിയും അങ്ങേയറ്റം പ്രാകൃതമായ രീതിയിലാണ് സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളുമടക്കമുള്ളവരെ കൊലപ്പെടുത്തിയത്. സംഘടിതമായി നിന്നു കൊണ്ട് മിനിമം വേതനം 20 രൂപയില്‍ നിന്നും മുപ്പതു രൂപയാക്കണമെന്നാവശ്യപ്പെട്ട് പണിമുടക്ക്‌ നടത്തിയതായിരുന്നു രണ്‍വീര്‍ സേനക്കാരുടെ കണ്ണില്‍ ദളിതര്‍ ചെയ്ത കുറ്റം.

ഹെക്റ്ററുകളോളം പരന്നു കിടക്കുന്ന കൃഷിഭൂമിയെല്ലാം തങ്ങളുടെതാണെന്നും, കിട്ടുന്ന കൂലിക്ക് അവിടെ പണിയെടുക്കല്‍ മാത്രമാണ് ദളിതരുടെ കടമ എന്നുമായിരുന്നു ഭൂമിഹാര്‍ മേധാവികളുടെ അഭിപ്രായം. സ്ത്രീകള്‍ ജീവിച്ചിരുന്നാല്‍ അവര്‍ നക്സലൈറ്റുകള്‍ക്ക് ജന്മം നല്കുമെന്നും കുഞ്ഞുങ്ങള്‍ വലുതായാല്‍ നക്സലൈറ്റുകളായി മാറ്റപ്പെടുമെന്നുമായിരുന്നു ഈ കൊലകള്‍ക്ക് അവര്‍ നല്കിയ വിശദീകരണം. ഫ്യൂഡല്‍ അധീശത്വം ഊട്ടിയുറപ്പിക്കുന്നതിനും ദളിതരുടെ ​​രാഷ്ട്രീയ മുന്നേറ്റത്തിനു തടയിടുന്നതിനും വേണ്ടി നടത്തിയ ഈ കൂട്ടക്കൊലയിലെ 23 പ്രതികളെയും 2012 ഏപ്രില്‍ 17നു പട്ന ഹൈക്കോടതി തെളിവിന്റെ ആധികാരികതയില്ലായ്മ ചൂണ്ടിക്കാട്ടി വെറുതെ വിട്ടു. ഈ കേസുകളിലെല്ലാം കീഴ്‌കോടതികള്‍ വധശിക്ഷക്കും ജീവപര്യന്തത്തിനും വിധിച്ച പ്രതികളെയാണ് ​പട്ന ഹൈകോടതി ​കുറ്റക്കാരല്ലെന്നു വിധിച്ചു വെറുതെ വിട്ടത്. തെളിവുകളുടെ വിശ്വസ്യയോഗ്യത അളക്കുമ്പോള്‍ കീഴ് ജാതികാരുടെ മൊഴി കോടതികള്‍ക്ക് പോരാതെ വന്നു. ​ജാതി-ഫ്യൂഡല്‍ സാമുഹിക ശ്രേണിയില്‍ ഒരു വ്യക്തി എവിടെ വരുന്നു എന്നതാണ് ജൂഡിഷ്യറിയ്ക്ക് ​ "വിശ്വാസ്യത​"യുടെ അളവുകോല്‍ എന്നാണ് ഒന്നിന് പുറകേ ഒന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്ന വിധികള്‍ തെളിയിക്കുന്നത്.

1998-ല്‍ ഭോജ്പൂരിലെ നാഗരി ബസാറില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടതിന്റെ പേരില്‍ 10 ദളിതരെയാണ് രണ്‍വീര്‍സേന വെടി വച്ചുകൊന്നത്. കേസില്‍ ദൃക് സാക്ഷികളിലെന്നും ഹാജരാക്കപ്പെട്ട തെളിവുകളെല്ലാം കള്ളമാണെന്നും പ്രസ്താവിച്ചു പ്രതികളെ വിട്ടയച്ചു കൊണ്ട് പട്ന ഹൈക്കോടതി ചരിത്രം ആവര്‍ത്തിച്ചു. 2000-ല്‍ മിയാപൂരില്‍ 32 ദളിതരെ കൂട്ടക്കശാപ്പു ചെയ്ത മറ്റ് 9 രണ്‍വീര്‍സേനക്കാരെ കോടതി വെറുതെ വിടുകയുണ്ടായി. റാബ്രി ദേവിയുടെ ഭരണ കാലത്ത് ബീഹാര്‍ രാഷ്ട്രീയത്തെ സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ട് 25 ദിവസത്തെ രാഷ്ട്രപതി ഭരണത്തിന് വഴി തെളിയിച്ച നാരായണ്‍പൂര്‍ കൂട്ടക്കൊലയിലെ പ്രതികളെയും സമാന രീതിയില്‍ കുറ്റവിമുക്തരാക്കുകയായിരുന്നു. 11 പേരുടെ മരണത്തിനു കാരണമായ ഈ കൂട്ടക്കൊലയുടെയും പ്രകോപനം ദളിതരുടെ രാഷ്ട്രീയമായി സംഘടിക്കാനുള്ള ജനാതിപത്യ-പൗരാവാകാശങ്ങള്‍ക്കു വേണ്ടിയുള്ള ശ്രമമായിരുന്നു. ​

ഭൂമിയുടെ രാഷ്ട്രീയവും സവര്‍ണ ഗുണ്ടാസേനകളും

​ബീഹാറിലെ സവര്‍ണ സേനകളുടെ ഉദയവും ദളിത്‌ കൂട്ടക്കൊലകളും ഭൂമിയുടെ മേലുള്ള നിയന്ത്രണാവകാശങ്ങളുമായും കാര്‍ഷിക മേഖലയിലെ സംഘര്‍ഷങ്ങളുമായും അഭേദ്യമായ വിധത്തില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് കഴിഞ്ഞ ഏതാനും ദശകങ്ങളിലെ ബീഹാറിലെ രാഷ്ട്രീയചരിത്രം വ്യക്തമാക്കുന്നത്. ജാതിശ്രേണിയിലെ പരമ്പരാഗതമായ താഴ്ന്ന സ്ഥാനം വച്ചു നീട്ടുന്ന കീഴ്‌വഴക്കങ്ങളെ ​അംഗീകരിക്കാതെ കുറച്ചെങ്കിലും മാറ്റം വന്ന ഭൗതിക സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താന്‍ എന്നെല്ലാം ദളിത്‌-പിന്നാക്ക വിഭാഗങ്ങള്‍ ശ്രമിച്ചിട്ടുണ്ടോ അന്നെല്ലാം ശക്തമായി അതിനെ അടിച്ചമര്‍ത്താന്‍ ഫ്യൂഡല്‍ ഭൂപ്രഭുക്കന്‍മാരും അവരുടെ പിണിയാളുകളും മുന്നിട്ടിറങ്ങിയിട്ടുണ്ട്. രാഷ്ട്രീയപരമായി കൂടുതല്‍ അവബോധം നേടിയതും ജാതിഘടനയിലൂന്നിയ പരമ്പരാഗത ചട്ടക്കൂടിനെ അംഗീകരിക്കാന്‍ വിസമ്മതിച്ചതും ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്ക്‌ ബീഹാറിലെ ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ വേരോട്ടം ലഭിച്ചതും ഈ അടിച്ചമര്‍ത്തലുകളെ ത്വരിതപ്പെടുത്തി.

ബീഹാറിലെ സവര്‍ണ സേനകളുടെ ഉദയവും ദളിത്‌ കൂട്ടക്കൊലകളും ഭൂമിയുടെ മേലുള്ള നിയന്ത്രണാവകാശങ്ങളുമായും കാര്‍ഷിക മേഖലയിലെ സംഘര്‍ഷങ്ങളുമായും അഭേദ്യമായ വിധത്തില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് കഴിഞ്ഞ ഏതാനും ദശകങ്ങളിലെ ബീഹാറിലെ രാഷ്ട്രീയചരിത്രം വ്യക്തമാക്കുന്നത്. ജാതിശ്രേണിയിലെ പരമ്പരാഗതമായ താഴ്ന്ന സ്ഥാനം വച്ചു നീട്ടുന്ന കീഴ്‌വഴക്കങ്ങളെ ​അംഗീകരിക്കാതെ കുറച്ചെങ്കിലും മാറ്റം വന്ന ഭൗതിക സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താന്‍ എന്നെല്ലാം ദളിത്‌-പിന്നാക്ക വിഭാഗങ്ങള്‍ ശ്രമിച്ചിട്ടുണ്ടോ അന്നെല്ലാം ശക്തമായി അതിനെ അടിച്ചമര്‍ത്താന്‍ ഫ്യൂഡല്‍ ഭൂപ്രഭുക്കന്‍മാരും അവരുടെ പിണിയാളുകളും മുന്നിട്ടിറങ്ങിയിട്ടുണ്ട്.

സ്വാതന്ത്ര്യാനന്തര ബീഹാറില്‍ നാല് ദശാബ്ദങ്ങളായി സ്പര്‍ശിക്കപ്പെടാതെ കിടന്ന ഭൂമി എന്ന അടിസ്ഥാനപരമായ വിഷയത്തെ ഒരു പ്രധാന അജണ്ടയായി ഇടതുപക്ഷം ഉയര്‍ത്തിക്കൊണ്ടു വന്നതും ഈ കാലഘട്ടത്തിലായിരുന്നു. 1980കളുടെ പകുതിയോടെ ശക്തിപ്പെട്ട വര്‍ഗീയതക്കും സാമ്രാജ്യത്വ-സാമ്പത്തിക നയങ്ങള്‍ക്കുമെതിരെയുള്ള പ്രക്ഷോഭങ്ങള്‍ ആത്യന്തികമായി കണ്ണി ചേര്‍ക്കപ്പെട്ടത്‌ സമ്പൂര്‍ണ ഭൂപരിഷ്ക്കരണത്തിനു വേണ്ടിയുള്ള സമരങ്ങളിലായിരുന്നു. ​CPI, CPI(M), CPI(ML-Liberation)[മുന്‍പു IPF എന്നു പേരിലറിയപ്പെട്ട], MCC(Maoist Communist Centre) തുടങ്ങി മുഴുവന്‍ ഇടതുസംഘടനകളും സംയുക്തമായി നേതൃത്വം കൊടുത്ത ഈ പ്രക്ഷോഭങ്ങള്‍ ശക്തമായ ചലനങ്ങളാണ് ബീഹാറിലെ സാധാരണ ജനവിഭാഗങ്ങള്‍ക്കിടയിലുണ്ടാക്കിയത്. IPF-ന്റെ കാര്‍ഷിക വിഭാഗമായ ബീഹാര്‍ പ്രദേശ്‌ കസാന്‍ സഭ രണ്ട് ഡസനിലധികം വരുന്ന വന്‍ ഭൂവുടമകള്‍ക്കെതിരെ സാമ്പത്തിക ഉപരോധം എര്‍പ്പെടുത്തിയതും ഈ കാലയളവിലായിരുന്നു. മിച്ചഭൂമിയും സര്‍ക്കാര്‍ ഭൂമിയും പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ നടത്തിയ രാഷ്ട്രീയ ശ്രമങ്ങള്‍ ​സമീ​ന്ദാരീ സമ്പ്രദായം നല്കിയ അധികാരഭ്രമത്തിന്റെ ഉന്മാദം വിട്ടു മാറാത്ത ഫ്യൂഡല്‍ പ്രഭുക്കളെ കൂടുതല്‍ സംഘടിതരാക്കി. മുഴുവന്‍ സായുധസന്നാഹങ്ങളോടും കൂടിയ സ്വകാര്യ ഗുണ്ടാസംഘങ്ങളുടെ രൂപീകരണത്തിലാണ് ഇതു കലാശിച്ചത്.

കോണ്‍ഗ്രസ് ഭരണം നിലനിന്നിരുന്ന 1970-80 കളിലാണ് ഇത്തരത്തിലുള്ള നിരവധി സവര്‍ണ ഫ്യൂഡല്‍സേനക​ള്‍ ബീഹാറില്‍ ഉദയം ചെയ്തത്. വര്‍ധിച്ചു വന്ന ദളിത് മുന്നേറ്റങ്ങളെ അസഹിഷ്ണുതയോടെ നോക്കിക്കണ്ടത് ബ്രാഹ്മണ ഭൂമിഹാര്‍ വിഭാഗങ്ങള്‍ മാത്രമായിരുന്നില്ല. 1978-ലെ ബാക്‌വേഡ് കാസ്റ്റ് മൂവ്മെന്റിന്റെ ഭാഗമായി സാമൂഹ്യപുരോഗതി കൈവരിച്ച പിന്നാക്കസമുദായത്തില്‍പ്പെട്ട യാദവ, കുര്‍മി മുതലായ വിഭാഗങ്ങളും സമാനമനോഭാവമാണ് വച്ചു പുലര്‍ത്തിയത്. ബ്രഹ്മര്‍ഷിസേന (ഭൂമിഹാര്‍‌), കന്‍വര്‍സേന (രജപുത്രര്‍‌), ഭൂമിസേന (കുര്‍മി), ലോരിക് സേന (യാദവര്‍‌) മുതലായ ഫ്യൂഡല്‍ ഗുണ്ടാസംഘങ്ങളുടെ രൂപീകരണം, നിലനില്ക്കുന്ന സാമൂഹ്യവ്യവസ്ഥയ്ക്ക് എതിരായി ഉയര്‍വന്ന ദളിത് പ്രതിരോധങ്ങള്‍ക്കുള്ള മറുപടിയായിരുന്നു. ഗയ, ജഹനാബാദ്, ഭോജ്പൂര്‍ അടങ്ങുന്ന മധ്യബീഹാറില്‍ ഭൂപ്രഭുക്കന്മാരായ ബ്രാഹ്മണരാണ് ഇതിനു നേതൃത്വം കൊടുക്കുന്നതെങ്കില്‍ നളന്ദ, പട്ന പ്രദേശങ്ങളില്‍ ഒ ബി സി വിഭാഗത്തില്‍പ്പെട്ട യാദവ, കുര്‍മി വിഭാഗങ്ങളും വടക്കന്‍ ബീഹാറില്‍ ഉന്നതകുലജാതരായ മുസ്ലീം പ്രമാണിമാരുമാണ് അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയോ അല്ലങ്കില്‍ കൊടുത്തുകൊണ്ടിരിക്കുകയോ ചെയ്യുന്നത്. ഒന്നോ രണ്ടോ ജില്ലകളില്‍ മാത്രം ശക്തമായിരുന്ന ഇവര്‍ക്ക് രണ്‍‌വീര്‍സേനയെ പോലെ ഒരു സംഘടിതസ്വഭാവം ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ പ്രദേശികസംഘങ്ങളുടെ തീവ്രത കുറഞ്ഞതോടു കൂടിയോ, ദളിതര്‍ അതിക്രമങ്ങളെ പ്രതിരോധിക്കാന്‍ കഴിയാതെ പിന്മാറിയതോടു കൂടിയോ, ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ഇവയില്‍ പലതും നിര്‍ജീവമായി പോവുകയാണ് ഉണ്ടായത്.

1990കളുടെ തുടക്കത്തില്‍ ഭൂമിയുടെ ഉടമസ്ഥാവകാശത്തോടോപ്പം, ചെയ്യുന്ന ജോലിക്ക് കൃത്യമായ കൂലി, വോട്ടവകാശം, ആത്മാഭിമാനം, സാമൂഹ്യഅന്തസ്സ്, രാഷ്ട്രീയപരമായി സംഘടിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയ്ക്ക് വേണ്ടിയുള്ള ദളിത് മുന്നേറ്റങ്ങള്‍, നിലനില്ക്കുന്ന സാമൂഹ്യവ്യവസ്ഥയെ ഗൗരവമായ ചോദ്യം ചെയ്യലുകള്‍ക്കു വിധേയമാക്കി. ജനതാ പാര്‍ട്ടി അധികാരത്തില്‍ വരുകയും രാഷ്ട്രീയ അന്തരീക്ഷത്തില്‍ മാറ്റങ്ങളുണ്ടാകുകയും ചെയ്ത ഈ കാലയളവിലാണ് പഴയ സേനകളെല്ലാം ഒരു പുന:ക്രമീകരണത്തിനു വിധേയമായതും സവര്‍ണ ലിബറേഷന്‍ ഫ്രണ്ടിന്റെ രൂപീകരണത്തില്‍ കലാശിച്ചതും. ബ്രഹ്മര്‍ഷിസേനയുടെ മുന്‍ കമാണ്ടറും കോണ്‍ഗ്രസ്സ്(ഐ) രാജ്യസഭാംഗവുമായിരുന്ന മഹേന്ദ്രയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഈ സംഘടന സാവന്‍ബിഗ ഗ്രാമത്തിലെ IPF അനുഭാവികളായ ആറ് ദളിതരെ കൊലപ്പെടുത്തിക്കൊണ്ടാണ് ജാതീയ കീഴ്‌വഴക്കങ്ങള്‍ പാലിപ്പിക്കാനുള്ള തങ്ങളുടെ വരവ് അറിയിച്ചത്. മിനിമം വേതനത്തിന് വേണ്ടി ശബ്ദമുയര്‍‌ത്തിയ 11 ദളിതരെയും, പിന്നാക്ക വിഭാഗങ്ങള്‍‌ക്കായി പ്രവര്‍ത്തിച്ച MCC പ്രവര്‍ത്തകരായ 9 പേരെയും കൊലപ്പെടുത്തിക്കൊണ്ട് മുന്നേറിയ സേന പക്ഷെ 35 പേരുടെ മരണത്തിനിടയാക്കിയ 1992ലെ ബാര മാവോയിസ്റ്റ് ആക്രമണത്തിലൂടെ തിരിച്ചടി നേരിട്ട് ദുര്‍ബലപ്പെടുകയായിരുന്നു. തീവ്രരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് തടയിടുക എന്ന രീതിയില്‍ ബീഹാര്‍ ഗവണ്‍മെന്റ് TADA നടപ്പിലാക്കിയതും ദളിത് മുന്നേറ്റങ്ങള്‍ക്കായി പ്രവര്‍ത്തിച്ചവരേയും ഇടതുപക്ഷ പ്രവര്‍ത്തകരേയും അതിന്റെ പേരില്‍ വേട്ടയാടിയതും ഇതിന്റെ ഒപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.

കോണ്‍ഗ്രസ്സ് ഭരണാനന്തര ബീഹാറില്‍ പിന്നാക്കവിഭാഗങ്ങളുടെ സാമൂഹ്യനീതിയും മാന്യതയും ഉയര്‍ത്തിപ്പിടിക്കുമെന്നാഹ്വാനം ചെയ്തുകൊണ്ട് ലാലു പ്രസാദ് യാദവ് അധികാരത്തിലേറിയ സമയത്താണ് സവര്‍ണ ഫ്യൂഡല്‍ സമ്പ്രദായങ്ങളുടെ മുഴുവന്‍ അന്തസത്തയും സ്വാംശീകരിച്ചെടുത്ത കുപ്രസ്സിദ്ധമായ രണ്‍വീര്‍സേനയുടെ ഉദയം. ബ്രഹ്മേശ്വര്‍ സിംഗ് എന്ന ഭൂമിഹാര്‍ ബ്രാഹ്മണനേതാവിന്റ നേതൃത്വത്തില്‍ ശക്തിപ്രാപിച്ച രണ്‍വീര്‍സേന മധ്യബീഹാറിലെ ജാതി ശ്രേണികളെയും ഭൂവുടമബന്ധങ്ങളെയും ചോദ്യം ചെയ്യുന്നവരെ ഉന്മൂലനം ചെയ്യുകയും ഫ്യൂഡല്‍ സാമൂഹികരീതികളും അധികാരസ്വഭാവങ്ങളും നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കുന്ന പ്രബലശക്തിയായി മാറുകയും ചെയ്തു. സോണ്‍ നദിയുടെ ഇരുകരകളിലുമായി പരന്നു കിടക്കുന്ന മധ്യബീഹാര്‍ എന്നറിയപ്പെടുന്ന മഗധ, ഷഹനാബാദ് പ്രദേശങ്ങളെ ശക്തികേന്ദ്രങ്ങളാക്കി മാറ്റിയ ഇവര്‍ക്ക് വര്‍ദ്ധിച്ചുവന്ന ദളിത് രാഷ്ട്രീയ പ്രാതിനിധ്യത്തെയും ചോദ്യം ചെയ്യലുകളെയും ഭൂമിയൂടേയും മൂലധനത്തിന്റെയും മേലുള്ള നിയന്ത്രണം ഉപയോഗിച്ച് വളരെ പെട്ടന്ന് അടിച്ചമര്‍ത്താനായി. എല്ലാ തരത്തിലുമുള്ള പുരോഗമന സാമൂഹ്യമുന്നേറ്റങ്ങളെയും വെല്ലുവിളിച്ച രണ്‍‌വീര്‍സേന ബീഹാറിനെ റഷ്യയോ ചൈനയോ ആക്കി മാറ്റാനനുവദിക്കില്ല എന്ന താക്കീതു നല്‍കി തങ്ങളുടെ രാഷ്ട്രീയം വ്യക്തമാക്കി. ബീഹാറില്‍ നിന്ന് മാത്രമല്ല മുഴുവന്‍ രാജ്യത്തു നിന്ന് തന്നെ ചെങ്കൊടിയെ തോക്ക് കൊണ്ട് ഇല്ലായ്മ ചെയ്യുമെന്നും അവര്‍ പ്രഖ്യാപിച്ചു.

ജമ്മു കാശ്മീരിന് സ്വയംഭരണാവകാശം നല്കുന്ന ഭരണഘടനാ അനുഛേദം 370 ഭരണഘടനയില്‍ നിന്നു നീക്കം ചെയ്യലും സമ്പൂര്‍ണ ഗോവധ നിരോധനം പ്രാബല്യത്തില്‍ വരുത്തലും ഇവര്‍ മുന്നോട്ടു വച്ച മറ്റു പ്രധാന രാഷ്ട്രീയഅജണ്ടകളായിരുന്നു. പുരാതനമായ ഹൈന്ദവ ആചാരങ്ങളും നിയമങ്ങളും തിരികെ കൊണ്ടു വന്നു ആര്‍ഷഭാരത പാരമ്പര്യത്തിനും സംസ്ക്കാരത്തിനുമനുസരിച്ച് ജാതിഘടനയെ ശക്തിപ്പെടുത്തുമെന്നും സമൂഹത്തെ പുന:ക്രമീകരണത്തിനു വിധേയമാക്കുമെന്നും രണ്‍വീര്‍സേന പ്രഖ്യാപിച്ചു. ഭൂമിക്കു മേലുള്ള നിയന്ത്രണത്തിലൂടെ മാത്രമല്ല, ദളിത് ജനസമൂഹത്തിന്റെ രാഷ്ട്രീയ സാമ്പത്തിക മുന്നേറ്റങ്ങളെ ഇത്തരത്തില്‍ അടിച്ചമര്‍ത്തുന്നതിലൂടെ മാത്രമേ ഫ്യൂഡല്‍‌-ജാതി സമൂഹത്തെ വെള്ളം ചേര്‍ക്കാതെ നിലനിര്‍ത്താനാവൂ എന്ന തിരിച്ചറിവില്‍ നിന്നായിരുന്നു ഈ പ്രഖ്യാപനങ്ങള്‍‌. ലക്ഷ്മണ്‍പൂര്‍ ബാതെ, ബതാനി ടോല മാതൃകയിലുള്ള അതിക്രൂരമായ ജാതീയ ആക്രമണങ്ങളുടെ വേലിയേറ്റമാണ് പിന്നീട് ബീഹാറിലുണ്ടായത്.

ജമ്മു കാശ്മീരിന് സ്വയംഭരണാവകാശം നല്കുന്ന ഭരണഘടനാ അനുഛേദം 370 ഭരണഘടനയില്‍ നിന്നു നീക്കം ചെയ്യലും സമ്പൂര്‍ണ ഗോവധ നിരോധനം പ്രാബല്യത്തില്‍ വരുത്തലും ഇവര്‍ മുന്നോട്ടു വച്ച മറ്റു പ്രധാന രാഷ്ട്രീയഅജണ്ടകളായിരുന്നു. പുരാതനമായ ഹൈന്ദവ ആചാരങ്ങളും നിയമങ്ങളും തിരികെ കൊണ്ടു വന്നു ആര്‍ഷഭാരത പാരമ്പര്യത്തിനും സംസ്ക്കാരത്തിനുമനുസരിച്ച് ജാതിഘടനയെ ശക്തിപ്പെടുത്തുമെന്നും സമൂഹത്തെ പുന:ക്രമീകരണത്തിനു വിധേയമാക്കുമെന്നും രണ്‍വീര്‍സേന പ്രഖ്യാപിച്ചു. ഭൂമിക്കു മേലുള്ള നിയന്ത്രണത്തിലൂടെ മാത്രമല്ല, ദളിത് ജനസമൂഹത്തിന്റെ രാഷ്ട്രീയ സാമ്പത്തിക മുന്നേറ്റങ്ങളെ ഇത്തരത്തില്‍ അടിച്ചമര്‍ത്തുന്നതിലൂടെ മാത്രമേ ഫ്യൂഡല്‍‌-ജാതി സമൂഹത്തെ വെള്ളം ചേര്‍ക്കാതെ നിലനിര്‍ത്താനാവൂ എന്ന തിരിച്ചറിവില്‍ നിന്നായിരുന്നു ഈ പ്രഖ്യാപനങ്ങള്‍‌. ലക്ഷ്മണ്‍പൂര്‍ ബാതെ, ബതാനി ടോല മാതൃകയിലുള്ള അതിക്രൂരമായ ജാതീയ ആക്രമണങ്ങളുടെ വേലിയേറ്റമാണ് പിന്നീട് ബീഹാറിലുണ്ടായത്.

ഭരണകൂടത്തിന്റെ നിസ്സംഗതയുടെ "പക്ഷം"

സവര്‍ണരുടെ ഒരു സ്വകാര്യസേന എന്ന ചട്ടക്കൂടില്‍ രണ്‍വീര്‍ സേനയെ ഒരിക്കലും ഒതുക്കി നിര്‍ത്താനാകില്ല. സ്റ്റേ​​റ്റിനുള്ളില്‍ മുഴുവന്‍ രാഷ്ട്രിയ-സാമ്പത്തിക അധികാരത്തോടെയും പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്റ്റേറ്റാണ് അവര്‍ എന്നതാണ് ​യാഥാര്‍ഥ്യം. സര്‍‌ക്കാരിന്റെ ദൗര്‍ബല്യമോ നിഷ്പക്ഷതയോ അല്ല മറി​ച്ച് അധികാരകേന്ദ്രങ്ങള്‍ പ്രദാനം ചെയ്യുന്ന ഉപാധികളില്ലാത്ത പിന്‍ബലമാണ് ഇതിന്റെ വളര്‍ച്ചക്കാധാരം. ഭൂമിഹാര്‍ ജന്മികളുടെ കൊലപാതകങ്ങള്‍ക്ക് കാരണമായ ബാര കേസിലെ മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷയും ജീവപര്യന്തവും ലഭിച്ച അതേ സ്ഥാനത്തു തന്നെയാണ് ദളിത് കൂട്ടക്കൊലക്കേസുകളിലെ പ്രതികള്‍ തങ്ങള്‍ നിയമ വ്യവസ്ഥക്കതീതരാണെന്നു പ്രഖ്യാപിച്ചു കൊണ്ട് ധൈര്യപൂര്‍വ്വം വാഴുന്നത്. ഇത്തരത്തില്‍ ഭരണഘടനയുടെ തന്നെ ആധികാരികതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള നടപടികളുണ്ടാകുമ്പോള്‍ തങ്ങള്‍ സവര്‍ണ്ണ-ഫ്യൂ​ഡലിസത്തിന്റെ വക്താക്കള്‍ തന്നെയാണെന്നും ഭരണഘടന ഓരോ പൗരനം നല്‍കുന്ന അവകാശങ്ങള്‍ തങ്ങളുടെ പരിഗണനാവിഷയമല്ലെന്നും അടിവരയിട്ടുറപ്പിക്കുന്ന തരത്തിലാണ് മാറി മാറി വന്ന സംസ്ഥാന സര്‍ക്കാരുകള്‍‌ പ്രവര്‍ത്തിച്ചത്. ലക്ഷ്മണ്‍പൂര്‍ ബാതെ കേസിലെ പ്രതികളുടെ രാഷ്ട്രീയബന്ധങ്ങളെക്കുറിച്ചന്വേഷിക്കാന്‍ നിയമിച്ച ജസ്റ്റിസ് അമീര്‍ ദാസ് കമ്മീഷനെ പിരിച്ചു വിട്ടു കൊണ്ട് അധികാരത്തിലേറിയ ഉടനെ നിതീഷ് കുമാര്‍ നയം വ്യക്തമാക്കിയിരുന്നു.

ആരാ സെഷന്‍സ് കോടതിയില്‍ വിചാരണയിലുണ്ടായിരുന്ന ദളിത് കൂട്ടക്കൊലക്കേസുകളില്‍ നിന്നും രണ്‍വീര്‍സേന ചീഫ് ബ്രഹ്മേശ്വര്‍ സിംഗ് 2010-ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പേ കുറ്റവിമുക്തനാക്കപ്പെട്ടതും യാദൃശ്ചികതയല്ല. നൂറു കണക്കിന് ദളിതരെ കൊലക്കത്തിക്കിരയാക്കിയ, "ബീഹാറിലെ കശാപ്പുകാരന്‍‌" എന്നറിയപ്പെടുന്ന ഈ കുറ്റവാളി, തന്നെ വെറുതെ വിട്ട ഹൈക്കോടതി വിധിയെ മാനിക്കാതെ സുപ്രീം കോടതിയില്‍ പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പരസ്യമായ താക്കീതു ചെയ്തിരുന്നു. പിന്നീട് 2012-ല്‍ ബ്രഹ്മേശ്വര്‍ സിംഗിനെ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തിയതിന്റെ പേരില്‍ രണവീര്‍സേനയുടെ ജാതിക്കോമരങ്ങള്‍ ബീഹാറില്‍ ദളിതര്‍ക്ക് നേരേ അക്രമപരമ്പരകളാണ് അഴിച്ചുവിട്ടത്. പട്ന യൂണിവേഴ്സിറ്റിയിലെ ദളിത് വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ രണ്‍‌വീര്‍സേനാ അനുഭാവികളായ വിദ്യാര്‍ഥികള്‍ ബ്രഹ്മേശ്വര്‍ സിംഗ് ആണ് തങ്ങളുടെ നേതാവെന്നും "അംബേദ്കറെ" തകര്‍ത്തു കളയുമെന്നും ആക്രോശിച്ചു കൊണ്ട് അതിക്രമം അഴിച്ചുവിടുകയുണ്ടായി. ഹോസ്റ്റലിലേക്കുള്ള വെള്ളവും വെളിച്ചവും നിര്‍ത്തലാക്കുകയും "പഠനമല്ല, മറിച്ചു പൂര്‍വ്വികരെ പോലെ ഞങ്ങളുടെ ചെരുപ്പ് തുടക്കലാണ് നിങ്ങളുടെ ജോലി"യെന്നും ആക്രോശിച്ചു കൊണ്ട് ​ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥികളെ അടിച്ചോടിക്കുകയും ഹോസ്റ്റലില്‍ ഉണ്ടായിരുന്ന സാധനസാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

xdfdfd
ബ്രഹ്മേശ്വര്‍ സിംഗ് (Image Credits: India Today). ആരാ സെഷന്‍സ് കോടതിയില്‍ വിചാരണയിലുണ്ടായിരുന്ന ദളിത് കൂട്ടക്കൊലക്കേസുകളില്‍ നിന്നും രണ്‍വീര്‍സേന ചീഫ് ബ്രഹ്മേശ്വര്‍ സിംഗ് 2010-ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പേ കുറ്റവിമുക്തനാക്കപ്പെട്ടതും യാദൃശ്ചികതയല്ല. നൂറു കണക്കിന് ദളിതരെ കൊലക്കത്തിക്കിരയാക്കിയ,

xdfdfd
ദളിതര്‍ക്കെതിരെയുള്ള അതിക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ഒഴിവാക്കപ്പെട്ടവരുടെ കണക്കുകള്‍ (2012)

2012-ല്‍ 251196 പേരാണ് ഈ റിപ്പോര്‍ട്ട് പ്രകാരം, ദളിത്-ആദിവാസി ജനവിഭാഗങ്ങള്‍ക്ക് നേരേ നടന്ന അതിക്രമങ്ങള്‍ നടത്തിയതിന് ഇന്ത്യയില്‍ ഒട്ടാകെ കോടതികളുടെ മുന്നില്‍ വിചാരണ നേരിടാനായി എത്തിയത്. അതില്‍ വിചാരണ പൂര്‍ത്തിയാക്കിയ 45624 പേരില്‍ 10499 പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഏകദേശം 23% പേര്‍ ശിക്ഷാനടപടികള്‍ നേരിട്ടപ്പോള്‍‌, ബാക്കിയുള്ളവര്‍ രക്ഷപെടുകയാണ് ഉണ്ടായത്. 1431 പേര്‍ക്കെതിരെ ഉള്ള കേസുകള്‍ ഒത്തുതീര്‍പ്പാക്കുകയോ, പിന്‍‌വലിക്കപ്പെടുകയോ ചെയ്തു. ഇവര്‍ക്കെതിരെയുള്ള കേസുകള്‍ ഭിഷണിയിലൂടെയോ സമാനമായ മറ്റു മാര്‍ഗ്ഗങ്ങളിലൂടെയോ അല്ലാതെയാണ് ഒതുക്കപ്പെട്ടതെന്നു വിശ്വസിക്കാന്‍ പ്രയാസമാണ്. 206337 പേര്‍ക്കെതിരെയുള്ള കേസുകള്‍ 2012 അവസാനം കോടതികളില്‍ അവശേഷിക്കുന്നുണ്ട്. മൊത്തം വിചാരണ നേരിട്ടവരുടെ 82% വരും അത്. ഇതിനര്‍ഥം കോടതിയില്‍ എത്തുന്ന കേസുകളില്‍ 4% പേര്‍ക്ക് എതിരെ മാത്രമാണ് ശിക്ഷാനടപടികള്‍ യഥാര്‍ഥത്തില്‍ ഉണ്ടാകുന്നത് എന്നാണ്. ബാക്കി 96% പേര്‍ക്കെതിരെ പരാതി നല്‍കിയവര്‍ നീതിയ്ക്കായി പോരാട്ടം തുടരുകയോ, കൂടുതല്‍ അതിക്രമങ്ങള്‍ ഭയന്നു ജീവിക്കുകയോ ചെയ്യുന്നു. ഇതു ഭരണകൂടം ആര്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്നതിന്റെ പച്ചയായ തെളിവാണ്. ചെറുത്തുനില്പുകള്‍ക്ക് തയ്യാറായി പോരാട്ടങ്ങള്‍ക്ക് ഇറങ്ങുന്നവരുടെ മാത്രം കഥയാണ് ഇത്. തങ്ങള്‍ക്ക് നേരേ നടക്കുന്ന അതിക്രമങ്ങളെയും അനിതീകളെയും നേരിടാനാകാതെ നിശബ്ദമായി ജീവിതം തള്ളി നീക്കുന്നവര്‍ ഇതിലൊക്കെ എത്രയോ മടങ്ങാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

"ഒരു കുടവയറനായ, നന്നായി വസ്ത്രധാരണം ചെയ്ത ഒരു മുതലാളിയും സാധാരണവസ്ത്രം ധരിച്ച പാവപ്പെട്ടവനും നിരക്ഷരനുമായ ഒരുവനും തുല്യ തെളിവുകള്‍ നല്‍കുമ്പോള്‍ അതില്‍ ജഡ്ജിമാര്‍ പ്രാമുഖ്യം നല്‍കുന്നത് കുടവയറനായ മുതലാളിക്കാണ്". 1967-ല്‍ ഇ. എം. എസ്. ഒരു പത്രസമ്മേളനത്തിലൂടെ പറയുകയും പിന്നീട് അദ്ദേഹം കോടതിയലക്ഷ്യനിയമപ്രകാരം കുറ്റക്കാരനാക്കപ്പെടുന്നതിനു കാരണമാകുകയും ചെയ്ത ഒരു പ്രസ്താവനയാണിത്. ജൂഡീഷ്യറി നിലനില്ക്കുന്ന സമൂഹത്തിന്റെ ഒരു പരിഛേദം തന്നെയാണ്. അതിനാല്‍ തന്നെ സമൂഹത്തിലെ പ്രബലവിഭാഗങ്ങളോടുള്ള ചായവ് ജൂഡീഷ്യറിക്കുമുണ്ടാകും. പക്ഷെ സമാന കേസുകളില്‍ കീഴ്കോടതികളും മേല്‍ കോടതിയും പരസ്പരവിരുദ്ധമായ വിധി പ്രസ്താവനകള്‍ നടത്തുന്നത് ജഡ്ജിമാരുടെ വ്യക്തിപരമായ വിവേചനാധികാരം മാത്രമായി കണക്കാക്കാനാകില്ല. അവര്‍ പ്രതിനിധീകരിക്കുന്ന വര്‍ഗതാല്‍പ്പര്യങ്ങളും വര്‍ഗപരമായ പക്ഷപാതിത്വങ്ങളുമാണ് ഇത്തരം നീതിനിഷേധ വിധികള്‍ക്കാധാരം. ​മാക്സിം ഗോര്‍ക്കിയുടെ വിഖ്യാത നോവല്‍ "അമ്മ"യ്ക്ക് റഷ്യന്‍ സംവിധായകന്‍ സെവിലോട് പുഡോവ്കിന്‍ (Vsevolod Pudovkin) ചലച്ചിത്രരൂപം നല്‍കിയപ്പോള്‍ അതില്‍ കോടതിവിചാരണയുടെ ഒരു രംഗം ഉള്‍പ്പെടുത്തിയിരുന്നു. നായകനായ പാവേല്‍ കോടതി മുറിയില്‍ നിന്ന് കൊണ്ട് നീതിയ്ക്ക് വേണ്ടി ഘോരഘോരം വാദിക്കുമ്പോള്‍ ജഡ്ജി തികഞ്ഞ ഗൗരവത്തോടെ കുറിപ്പെഴുതിക്കൊണ്ടിരിക്കുകയാണ്. പക്ഷെ ക്യാമറ ജഡ്ജിയുടെ കടലാസിലേക്ക് ഫോക്കസ് ചെയ്യുമ്പോഴാണറിയുന്നത് വരച്ചിട്ടും വരച്ചിട്ടും ശരിയാകാത്ത ഒരു കുതിരയുടെ വാല്‍ഭാഗം ശരിയാക്കി വരക്കാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു ആ നീതി നിര്‍വാഹകന്‍ എന്ന്. ന്യായവും സത്യവും എന്ത് തന്നെയായാലും മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച വര്‍ഗതാത്പര്യാധിഷ്ഠിതമായ വിധിയേ താന്‍ പ്രസ്താവിക്കൂ എന്ന സ്വേച്ഛാധിപത്യമനോഭാവമുള്ള ജഡ്ജിമാരുടെ ഉത്തമ ദൃഷ്ടാന്തമായിരുന്നു സിനിമയിലെ ആ ജഡ്ജി. എന്നാല്‍ നീതിപൂര്‍വ്വകമായ ഒരു സാമൂഹ്യവ്യവസ്ഥയുടെ സംരക്ഷകരായി അറിയപ്പെടുന്ന കോടതികള്‍ നീതിനിരാസത്തിന്റെ കേന്ദ്രങ്ങളായി മാറപ്പെടുന്നത് അംഗീകരിക്കാനാവില്ല.

"ഒരു കുടവയറനായ, നന്നായി വസ്ത്രധാരണം ചെയ്ത ഒരു മുതലാളിയും സാധാരണവസ്ത്രം ധരിച്ച പാവപ്പെട്ടവനും നിരക്ഷരനുമായ ഒരുവനും തുല്യ തെളിവുകള്‍ നല്‍കുമ്പോള്‍ അതില്‍ ജഡ്ജിമാര്‍ പ്രാമുഖ്യം നല്‍കുന്നത് കുടവയറനായ മുതലാളിക്കാണ്". 1967-ല്‍ ഇ. എം. എസ്. ഒരു പത്രസമ്മേളനത്തിലൂടെ പറയുകയും പിന്നീട് അദ്ദേഹം കോടതിയലക്ഷ്യനിയമപ്രകാരം കുറ്റക്കാരനാക്കപ്പെടുന്നതിനു കാരണമാകുകയും ചെയ്ത ഒരു പ്രസ്താവനയാണിത്. ജൂഡീഷ്യറി നിലനില്ക്കുന്ന സമൂഹത്തിന്റെ ഒരു പരിഛേദം തന്നെയാണ്. അതിനാല്‍ തന്നെ സമൂഹത്തിലെ പ്രബലവിഭാഗങ്ങളോടുള്ള ചായവ് ജൂഡീഷ്യറിക്കുമുണ്ടാകും.

ഭരണഘടന പ്രദാനം ചെയ്യുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും വേണ്ട രീതിയില്‍ പ്രാബല്യത്തില്‍ വരുത്താന്‍ കഴിയാത്ത സ്റ്റേറ്റും അവകാശലംഘനങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളെ നിഷേധാത്മകനിലപാടുകളിലൂടെ തൃണവല്‍ക്കരിക്കുന്ന കോടതികളും കൂടിയാകുമ്പോള്‍ നടക്കുന്നത് ഫ്യൂഡലിസത്തിന്റെ ആഘോഷം തന്നെയാണ്. ജാതിപരമായ സമാധാനവും ഐക്യവും ഊട്ടിയുറപ്പിക്കാന്‍ അക്രമമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത്തില്‍ തെറ്റില്ലെന്നും കൂട്ടക്കൊലകള്‍ തന്നെയാണ് പണിയെടുക്കാന്‍ വിസമ്മതിക്കുന്ന ദളിതരെ പാഠം പഠിപ്പിക്കാനുള്ള മാര്‍ഗ്ഗമെന്നും പ്രസ്താവിക്കുന്ന, തികഞ്ഞ വര്‍ഗ്ഗീയവാദികളായ രണ്‍വീര്‍ സേന ആധുനിക സമൂഹം ആര്‍ജ്ജിച്ചെടുത്ത നവോത്ഥാന മൂല്യങ്ങളെയാണ് വെല്ലുവിളിക്കുന്നത്. ഇവരെ കൊണ്ടാടാന്‍ മുന്നിട്ടിറങ്ങുന്ന ബീഹാറിലെ രാഷ്ട്രീയനേതൃത്വം സമത്വാധിഷ്ടിത സാമൂഹ്യ സങ്കല്‍പ്പങ്ങള്‍ക്ക് തുരങ്കം വക്കുകയാണ്. പുരോഗമന ആശയങ്ങളുടെ കുടക്കീഴില്‍ എല്ലാ ജനവിഭാഗങ്ങളെയും അണി നിരത്തിക്കൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ജാതീയതയിലൂന്നിയ സാമൂഹ്യ വ്യവസ്ഥിതിയില്‍ കാതലായ മാറ്റം വരൂത്താനാകൂ. ലക്ഷ്മണ്‍പൂര്‍ ബാതെ കേസിലെ കോടതിവിധി ആവശ്യപ്പെടുന്നതും അതു തന്നെയാണ്.

(Mythri P Unni is a Ph. D. scholar in School of International Studies, JNU, New Delhi)