പരാജിതമായ ഒരു തിരുവിതാംകൂർ ചരിത്രപാഠം

ചരിത്രമെഴുത്തിനു രണ്ട് ഭാഗങ്ങളുണ്ട് - വിവരണവും വ്യാഖ്യാനവും. വിവരണത്തിനു ധാരാളമായി ഡാറ്റയും ഇൻഫർമേഷനും ആവശ്യമാണെങ്കിൽ വ്യാഖ്യാനത്തിനു സിദ്ധാന്തം ആവശ്യമായി വരും. മനു.എസ്‌. പിള്ളയുടെ തിരുവിതാംകൂർ ചരിത്ര പുസ്തകം - ഐവറി ത്രോൺ - ആദ്യഭാഗങ്ങളിൽ ഏറെക്കുറെ വിവരണങ്ങൾ മാത്രമായിപ്പോയിട്ടുണ്ട്. വ്യാഖ്യാനമുണ്ടെങ്കിൽ അതിനാകെ പ്രയോഗിച്ച സിദ്ധാന്തം 'പ്രിവില്യേജ്ഡ് നൊസ്റ്റാൾജിയ' മാത്രമാണെന്ന് കാണുന്നു. എന്നാൽ ഡാറ്റയ്ക്ക് വേണ്ടി മാത്രമായി പുസ്തകം പാരായണയോഗ്യമാണ്.

മറ്റൊന്ന് വസ്തുനിഷ്ഠതയും പക്ഷരാഹിത്യവും എത്ര മേൽ ഉണ്ടെന്നാണ്. രണ്ട് താവഴികളായി പരിണമിച്ച സേതുലക്ഷ്മിബായിയുടെയും സേതുപാർവതീബായിയുടെയും കുടുംബവഴക്കിൽ ലക്ഷ്മീബായിയുടെ പക്ഷം ചേർന്നാണ് പുസ്തകം എഴുതപ്പെട്ടിരിക്കുന്നത്. ഇത് വസ്തുനിഷ്ഠമാണെന്ന് ഗ്രന്ഥകർത്താവ് അവകാശപ്പെടുന്നു.

ക്ഷേത്രപ്രവേശനവിളംബരവുമായി ബന്ധപ്പെട്ട കവടിയാർ കൊട്ടാരത്തിന്റെ അവകാശവാദത്തിൽ ശ്രീചിത്തിര തിരുനാളും അമ്മ പാർവതീബായിയും ഇതിൽ തങ്ങൾ വഹിച്ച പങ്ക് അംഗീകരിക്കപ്പെടാൻ അവകാശവാദം ഉന്നയിക്കുന്നുണ്ട്. അവരുടെ പക്ഷപ്രകാരം വൈക്കം സത്യാഗ്രഹത്തിന്റെ സമയത്ത് റീജന്റായിരുന്ന ലക്ഷ്മീബായ് പൊതുവഴി മാത്രം അവർണർക്ക് തുറന്ന് കൊടുക്കാൻ തീരുമാനിക്കുകയും ക്ഷേത്രപ്രവേശനത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറുകയും ആയിരുന്നു. ഗാന്ധി ക്ഷേത്രപ്രവേശനം കൂടെ ആവശ്യപ്പെട്ടപ്പോൾ താൻ വെറും റീജന്റാണെന്നും രാജാവ് വയസെത്തിയ ശേഷം അദ്ദേഹമാണ് തീരുമാനമെടുക്കേണ്ടതെന്നും ലക്ഷ്മീബായ് ഗാന്ധിയോട് ന്യായമായി ഉന്നയിച്ചു.

ലക്ഷ്മീബായി പക്ഷം ഇതിനെക്കുറിച്ച് പറയുന്നത് ഈ വാദം ന്യായമാണെന്നാണ്. തിരുവിതാംകൂറിൽ അമ്മറാണിയ്ക്ക് റീജന്റെന്ന നിലയിൽ പതിവിൽക്കവിഞ്ഞ അധികാരം ഉണ്ടായിരുന്നെങ്കിലും അതിനെക്കുറിച്ച് മൊത്തത്തിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നത് കൊണ്ടാണ് റാണി തീരുമാനമെടുക്കാൻ മടിച്ചത് എന്ന് ഈ പക്ഷം പറയുന്നു.

എന്നാൽ ഈ വാദത്തിൽ വലിയൊരു കുഴപ്പമുണ്ട്. റീജന്റായിരിക്കെത്തന്നെ ലക്ഷ്മീബായ് മറ്റു വിഷയങ്ങളിൽ കർക്കശമായ തീരുമാനം എടുത്തിട്ടുണ്ട്. ദേവദാസി സമ്പ്രദായം നിർത്തലാക്കിയത് ഒന്ന്. മാധ്യമസ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടുന്ന നിയമം കൊണ്ടുവന്നത് മറ്റൊന്ന്. ഇതിനൊന്നും ശ്രീചിത്തിര തിരുനാൾ പ്രായമെത്താൻ കാത്തുനിൽക്കാത്ത റീജന്റ് എന്ത് കൊണ്ട് ക്ഷേത്രപ്രവേശവിഷയത്തിൽ മാത്രം സാ മട്ടെടുത്തു എന്നത് ചോദ്യമായി അവശേഷിക്കും.

ഇനി ഈ വിഷയത്തെപ്പറ്റി ഇവിടെ പ്രതിപാദ്യമായ ഗ്രന്ഥത്തിന്റെ കർത്താവ് എന്ത് പറയുന്നു എന്ന് നോക്കാം. മനു.എസ്‌.പിള്ളയുടെ അഭിപ്രായപ്രകാരം റീജന്റ് ലക്ഷ്മീബായ് വളരെ പുരോഗമന ചിന്താഗതിക്കാരിയായ വ്യക്തി ആയിരുന്നു. വൈക്കം സത്യാഗ്രഹസമയത്ത് പൊതുവഴിയിൽ പ്രവേശനം അനുവദിക്കുമ്പോൾത്തന്നെ ലക്ഷ്മീബായ് ക്ഷേത്രപ്രവേശനത്തിനെ 'തത്വത്തിൽ ' അംഗീകരിച്ചിരുന്നു. ഇതിന്റെ സ്വാഭാവികപരിണതി മാത്രമാണ് ചിത്തിര തിരുനാൾ നടത്തിയ വിളംബരം. മാറ്റത്തിനു തുടക്കം കുറിച്ചത് ലക്ഷ്മീബായ് തന്നെയാണ്.

എന്നാൽ ഇവിടെ ഗ്രന്ഥകർത്താവ് പ്രാധാന്യം കുറച്ച് കാണിക്കുന്ന മറ്റൊരു വസ്തുത ഉണ്ട്. പിന്നീട് ചിത്തിരതിരുനാൾ ക്ഷേത്രപ്രവേശനവിളംബരം നടത്തുമ്പോൾ ലക്ഷ്മീബായ് അതിനെതിരെ നിലപാടെടുത്തു എന്നതാണ് അത്. ഇനിയും സമയമായിട്ടില്ല എന്ന് അവർ അഭിപ്രായപ്പെട്ടു. മാത്രമല്ല ഇക്കാലത്തിനിടെ സ്വയം ക്ഷേത്രത്തിൽ പോകുന്നത് അവർ ഉപേക്ഷിക്കുകയും ചെയ്തു. ഇത് ലക്ഷ്മീബായ് എന്ന വ്യക്തിയുടെ ആന്തരിക വൈരുദ്ധ്യം മാത്രമായി ഗ്രന്ഥകർത്താവ് തള്ളിക്കളയുന്നു. വ്യക്തിപരമായി ലക്ഷ്മീബായ് യാഥാസ്ഥിതികമാമൂലുകൾ മുറുകെ പിടിക്കുമായിരിക്കും എന്നത് അത്ര പ്രശ്നമായി മനു.എസ്‌.പിള്ളയ്ക്ക് തോന്നുന്നില്ല. സ്വയം ക്ഷേത്രത്തിൽ പോകുന്നത് നിർത്തിയെങ്കിലും മക്കൾ പോകുന്നത് ലക്ഷ്മീബായ് തടഞ്ഞിരുന്നില്ല എന്നത് കൊണ്ട് അയിത്തത്തിന്റെ പ്രശ്നമൊന്നും റാണിയ്ക്കില്ലായിരുന്നു എന്നും പിള്ള വാദിക്കുന്നു.

ഇനി ഈ രണ്ട് പക്ഷവും മാറ്റി നിർത്തി നോക്കാം. മാറ്റങ്ങൾക്ക് ചാലകമാകുന്നത് സാമൂഹത്തിൽ ആന്തരികമായുണ്ടാകുന്ന പ്രതിഭാസങ്ങളാണ്. കാലമെത്തുമ്പോൾ മാറ്റവുമെത്തുന്നു. രാജാധികാരം ഒഴുക്കിനൊപ്പം നീന്താൻ ശ്രമിയ്ക്കുന്നു. അല്ലെങ്കിൽ സ്വയം മാറ്റത്തിനു വഴിപ്പെടേണ്ടി വരുന്നു. ഇന്ത്യാ രൂപീകരണ സമയത്ത് മാറ്റത്തിനു വഴിപ്പെടാതിരിക്കാൻ ചിത്തിര തിരുനാൾ നടത്തിയ ശ്രമം ഓർക്കാവുന്നതേയുള്ളൂ.

സമൂഹത്തിൽ മാറ്റത്തിനു കാലമാകുമ്പോഴും അതിനെതിരെ വലിയ തടസങ്ങളുണ്ടാകാം. അത്തരം ചില അവസരങ്ങളിൽ ഭരണാധികാരി മാറ്റത്തിന്റെ ഹേതുവാകുന്ന അവസരങ്ങളുണ്ട്. അബ്രഹാം ലിങ്കൺ അത്തരമൊരു ഉദാഹരണമാണ്. കറുത്ത വർഗക്കാരെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുന്ന നിയമം പാസാക്കാൻ ലിങ്കന്റെ വ്യക്തിപരമായ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ അക്കാലത്ത് തന്നെ അത് സംഭവ്യമാകില്ലായിരുന്നു. നിയമം പാസാക്കാൻ ലിങ്കൻ സഭയെ ചെറുതായി തെറ്റിദ്ധരിപ്പിക്കുക‌ വരെ ഉണ്ടായിട്ടുണ്ട്. കേരളത്തിലെ അവർണരുടെ അവകാശനേട്ടങ്ങളിൽ അത്തരമൊരു പങ്കൊന്നും തിരുവിതാംകൂർ രാജവംശത്തിലെ രണ്ട് താവഴികൾക്കും ഇല്ല. അത്തരം മാറ്റങ്ങൾക്ക് കാരണമായത് സമൂഹത്തിനുള്ളിൽ നിന്നുള്ള തിരുത്തലുകൾ ആണ്. ഇവിടെ ചാലകശക്തികളായ വ്യക്തികൾ ഉണ്ടെങ്കിൽ അത് നാരായണഗുരുവും അയ്യങ്കാളിയും ഒക്കെ ആയിരിക്കും. കാഴ്ചപ്പാടിലെ ഇത്തരം ന്യൂനതകൾ മനു.എസ്‌.പിള്ളയുടെ പുസ്തകത്തെ ശരാശരിയിലേക്ക് താഴ്ത്തുന്നു.