ബോധി ഒരു തുറന്ന രാഷ്ട്രീയ സംവാദ വേദിയാണ്. അന്ധമായ നിഷ്പക്ഷത അല്ല, മറിച്ച് വ്യക്തമായ രാഷ്ട്രീയ ദിശാബോധമാണ് ബോധി എന്ന സംരംഭത്തിന്റെ അടിസ്ഥാനം.
മനുഷ്യസമൂഹത്തിന്റെ നല്ല നാളേക്കുള്ള പ്രതീക്ഷകളുമായി പുരോഗമന ഇടതുപക്ഷ ചേരിയില്‍ നിലകൊള്ളുന്ന ഒരു കൂട്ടായ്മയാണ് ഞങ്ങള്‍. സമൂഹവികാസത്തിന്റെ മറ്റൊരു ഘട്ടമായ ഈ നവ ലിബറല്‍ യുഗത്തില്‍ സമകാലിക പ്രഹേളികകളെ ഇടതുപക്ഷ വായനക്ക് വിധേയമാക്കിക്കൊണ്ട്, സ്വയം നവീകരിച്ചു കൊണ്ട്, അധിനിവേശ, വലതുപക്ഷ പിന്തിരിപ്പന് ശക്തികളുടെ അഭൂതപൂര്‍വമായ കടന്നാക്ക്രമണങ്ങളെ ചെറുത്ത് കൊണ്ട് ഒരു കാല്‍വെപ്പ് എങ്കില്‍, ഒരു കാല്‍വെപ്പ് മുന്നോട്ടു വക്കാനുള്ള ശ്രമമാണ് നമ്മുടേത്. വ്യക്തി നിഷ്ടമായ അനുഭവക്കുറിപ്പുകള്‍, സാമൂഹിക പ്രസക്തമായ ലേഖനങ്ങള്‍, തുറന്ന ചര്‍ച്ചകള്‍, ക്യാമ്പൈനുകള്‍, വാര്‍ത്താ വിശകലനങ്ങള്‍, ഫോട്ടോ ഫീച്ചറുകള്‍, ബ്ലോഗ് റോള്‍ എന്നിവയാല്‍ സമ്പന്നമായ വൈവിധ്യപൂര്‍ണമായ ഒരു അനുവാചക അനുഭവം പ്രദാനം ചെയ്യുക എന്നതായിരിക്കും ബോധിയുടെ ലക്ഷ്യം.
സ്ത്രീസമത്വത്തെക്കുറിച്ചുള്ള അഭിപ്രായ രൂപീകരണത്തില്‍ ഒരു സാമൂഹ്യ ശാസ്ത്രജ്ഞയുടെ നിലപാടുകള്‍ക്കൊപ്പം ഒരു മത്സ്യത്തൊഴിലാളിയുടെ അടുക്കളയനുഭവങ്ങളും ബോധിക്കു വിഷയമാണ്. ചോദ്യങ്ങള്‍ ചോദിക്കപ്പെടണം എന്നുറക്കെ പറയുമ്പോഴും, പൊള്ളയായ ചോദ്യങ്ങളിലേക്കു സമൂഹത്തെ വഴി തെറ്റിക്കുന്ന ബോധപൂര്‍വമായ ശ്രമങ്ങളെ ബോധി ചെറുക്കുന്നു. ഈ തുറന്ന നിലപാടുകള്‍ ബോധിയിലെ ലേഖനങ്ങളിലും ഡയറികളിലും മറ്റു ഫീച്ചറുകളിലും പ്രതിഫലിക്കും. നമ്മുടെ വിശകലന രീതികള്‍ ബഹുമുഖസ്പര്ശിയും യാഥാര്‍ത്യ ബോധത്തോടെയുള്ളതും സാമൂഹിക പ്രതിബദ്ധതയില്‍ ഊന്നിയതും ആയിരിക്കും.